ചെന്നൈ: തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ റെയില്‍വേ പാളത്തില്‍ തലവെച്ചുകിടന്നതിന് നടന്‍ മന്‍സൂര്‍ അലിഖാന്റെ പേരില്‍ പോലിസ് കേസെടുത്തു. പാളത്തില്‍ അതിക്രമിച്ചുകടന്ന് തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്. തിരുച്ചിറപ്പള്ളിയിലെ ലാല്‍ഗുഡി മണ്ഡലം സ്ഥാനാര്‍ഥിയുമായ മന്‍സൂര്‍ അലിഖാന്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെയാണ് പാലത്തില്‍ തലവെച്ച് കിടന്നത്.

കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനടുത്തുള്ള പാളത്തില്‍ തലവെച്ച് ഏറെ നേരം പാളത്തില്‍ നിന്നും മാറാതെ കിടന്നു. തുടര്‍ന്ന് പോലീസെത്തി നടനെ പാളത്തില്‍നിന്ന് മാറ്റുകയും കേസെടുക്കുകയും ആയിരുന്നു. തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 1953-ല്‍ മുന്‍മുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി പാളത്തില്‍ തലവെച്ചത് വലിയ സംഭവമായിരുന്നു. കല്ലക്കുടിയില്‍ എത്തിയപ്പോള്‍ കരുണാനിധിയുടെ പ്രതിഷേധം മനസ്സിലെത്തിയെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നും മന്‍സൂര്‍ അലിഖാന്‍ ന്യായീകരിച്ചു.

ഇന്ത്യ ജനനായക പുലികള്‍ കക്ഷി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയ മന്‍സൂര്‍ അലിഖാന്‍ തിങ്കളാഴ്ചയാണ് ലാല്‍ഗുഡിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. പ്രദേശത്ത് താമസിച്ചുകൊണ്ട് വീടുകള്‍തോറും പ്രചാരണം തുടരുകയാണ് അദ്ദേഹം.