ന്യൂഡല്‍ഹി: നേരത്തെ ബുക്ക് ചെയ്ത വീല്‍ചെയര്‍ വൈകിയതിനെ തുടര്‍ന്ന് വീണ് പരിക്കേറ്റ വിമാന യാത്രക്കാരി തീവ്രപരിചരണ വിഭാഗത്തില്‍. എയര്‍ ഇന്ത്യ വീല്‍ചെയ്ര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. മുന്‍ ഉന്നത സൈനിക ഉദ്യേഗസ്ഥന്റെ ഭാര്യയായ 82കാരിക്കാണ് ഈ ദുരവസ്ഥ. ഇവരിപ്പോള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. തലച്ചേറില്‍ രക്തസ്രാവം ഉണ്ടെന്നാണ് സംശയം.

വീല്‍ചെയര്‍ എത്തിയതോടെ കുടുംബത്തോടൊപ്പം അല്‍പം ദൂരം നടക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാലിന്റെ ബലക്കുറവ് കാരണം വീഴുകയായിരുന്നു. എയര്‍ ഇന്ത്യ പ്രഥാമിക ശുശ്രൂഷ നിഷേധിക്കുകയും ചെയ്‌തെന്നും വീല്‍ ചെയര്‍ എത്തിയപ്പോള്‍ രക്തമൊലിക്കുന്ന മുഖവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും കുടുംബം ആരോപിച്ചു.

മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്ക് വളരെ മുമ്പേതന്നെ വീല്‍ചെയറും ബുക്ക് ചെയ്തിരുന്നതായി വയോധികയുടെ കൊച്ചുമകള്‍ പാറുല്‍ കന്‍വാര്‍ എക്സിലെ കുറിപ്പില്‍ ആരോപിച്ചു. വിമാനത്താവളത്തില്‍ എത്തിയിട്ടും വീല്‍ചെയര്‍ ലഭിച്ചില്ല. ഒരുമണിക്കൂറോളം കാത്തിരുന്നു. വിമാനജീവനക്കാരെയും ഹെല്‍പ് ഡെസ്‌കിലും വിവരമറിയിച്ചു. മറ്റൊരു വിമാനക്കമ്പനിയുടെ ഉപയോഗിക്കാതിരിക്കുന്ന വീല്‍ചെയറിനായി ശ്രമിച്ചെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. ഗത്യന്തരമില്ലാതെ ബന്ധുവിന്റെ സഹായത്തോടെ വയോധിക നടക്കാന്‍ ആരംഭിച്ചു. പിന്നാലെ, എയര്‍ഇന്ത്യ പ്രീമിയം ഇക്കോണമി കൗണ്ടറിനുമുന്നില്‍ തളര്‍ന്നുവീഴുകയായിരുന്നുവെന്നും കുറിപ്പില്‍ ആരോപിക്കുന്നു.

'ആരും സഹായത്തിന് എത്തിയില്ല. എയര്‍ഇന്ത്യ ജീവനക്കാരോട് പ്രഥമശ്രുശൂഷയ്ക്കും വൈദ്യസഹായത്തിനും അഭ്യര്‍ഥിച്ചു. ഒടുവില്‍ വീല്‍ചെയര്‍ എത്തിച്ചപ്പോള്‍ വൈദ്യപരിശോധനപോലും നടത്താതെ വിമാനത്തില്‍ കയറ്റി. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരിലൊരാള്‍ ഐസ് പാക്ക് നല്‍കി സഹായിക്കുകയും വൈദ്യസഹായത്തിനായി ബെംഗളൂരു എയര്‍പ്പോര്‍ട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്ന് മുറിവില്‍ രണ്ട് തുന്നലുകളിട്ടു. രണ്ടുദിവസത്തിലേറെയായി ഐ.സി.യുവിലാണ്. ശരീരത്തിന്റെ ഇടതുഭാഗത്തിന്റെ സ്വാധീനം കുറയുന്നു. ഡി.ജി.സി.എയ്ക്കും എയര്‍ഇന്ത്യയ്ക്കും പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ്', കൊച്ചുമകള്‍ എക്സില്‍ കുറിച്ചു.

എന്നാല്‍, ആരോപണങ്ങള്‍ എയര്‍ഇന്ത്യ നിഷേധിച്ചു. യാത്രക്കാരി എത്തിയത് നിശ്ചിതസമയവും കഴിഞ്ഞാണെന്നും ഒരുമണിക്കൂറോളം കാത്തിരുന്നെന്ന ആരോപണം തെറ്റാണെന്നുമായിരുന്നു എയര്‍ഇന്ത്യയുടെ പ്രതികരണം. മുമ്പില്ലാത്തവിധം മറ്റ് ആവശ്യക്കാര്‍ ഉണ്ടായിരുന്നതിനാല്‍, അവര്‍ എത്തി 15 മിനിറ്റിനുള്ളില്‍ വീല്‍ചെയര്‍ ലഭ്യമാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അവര്‍ സ്വമേധയാ ഒപ്പമുള്ളവരുടെ സഹായത്തോടെ നടക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെതന്നെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് പ്രഥമ ശ്രുശൂഷ നല്‍കിയിരുന്നുവെന്നും എയര്‍ഇന്ത്യ അവകാശപ്പെട്ടു.