ശ്രീനഗര്‍: ജമ്മു കശ്മീരിനു പുറത്ത് കശ്മീരിലെ ജനങ്ങള്‍ക്കെതിരെ തുടരെ ആക്രമണങ്ങളുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ നിന്നുള്ള ജനങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഭയത്തോടെയാണ് കഴിയുന്നത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആവശ്യമായ ഇടങ്ങളിലെല്ലാം ഇടപെടുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരില്‍ നിന്നുള്ള ജനങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും ഉപദ്രവങ്ങളും തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

കശ്മീരിന് പുറത്ത് കശ്മീരി ജനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് സിപിഐ എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയും പറഞ്ഞു. ഉത്തരാഖണ്ഡില്‍ കശ്മീരി ഷാള്‍ വില്‍പ്പന നടത്തിയിരുന്ന യുവാവിന് നേരെ ക്രൂരമായ ആക്രമണമാണുണ്ടായത്. ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്ന കശ്മീരി വ്യാപാരികള്‍ ആക്രമിക്കപ്പെടുകയാണ്. കശ്മീരികള്‍ക്കു നേരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും തരിഗാമി ആവശ്യപ്പെട്ടു.