ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പാക്കിസ്ഥാന് ഇസ്‌ലാം എന്താണെന്ന് അറിയില്ലെന്നും പരാജയപ്പെട്ട രാജ്യമാണ് അതെന്നും ഉവൈസി പറഞ്ഞു. പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു ഉവൈസി.

1947ല്‍ ഞങ്ങള്‍ ഇന്ത്യ വിടില്ലെന്ന സന്ദേശം നിങ്ങള്‍ക്ക് നല്‍കിയതാണ്. മുഹമ്മദലി ജിന്നയുടെ സന്ദേശം ഞങ്ങള്‍ നിഷേധിച്ചതാണ്. പാകിസ്താനില്‍ വിഡ്ഢിത്തം പറയുന്നവര്‍ക്ക് ഇസ്‌ലാം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ ദരിദ്ര രാജ്യമാണ്. അവര്‍ക്ക് അഫ്ഗാനിസ്താനുമായും ഇറാനുമായും അതിര്‍ത്തി തര്‍ക്കങ്ങളുണ്ട്. പാകിസ്താന്‍ പരാജയപ്പെട്ട രാജ്യമാണെന്നും ഉവൈസി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഉവൈസി രംഗത്തെത്തിയിരുന്നു.

പാകിസ്താനുള്ള വെള്ളം തടഞ്ഞാല്‍ നദിയിലൂടെ രക്തമൊഴുകുമെന്ന് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനക്കെതിരെ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു. അമ്മ ബേനസീര്‍ ഭൂട്ടോ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ബിലാവല്‍ ഓര്‍ക്കണമെന്ന് ഉവൈസി പറഞ്ഞു.

രാഷ്ട്രീയത്തില്‍ ബിലാവല്‍ പുതുമുഖമാണ്. ആരാണ് അമ്മയെ കൊന്നതെന്ന് ബിലാവല്‍ ചിന്തിക്കണം. ഭീകരരവാദമാണ് അവരെ കൊലപ്പെടുത്തിയത്. അത് ബിലാവലിന് അറിയില്ലായിരിക്കും. അതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. പാകിസ്താനിലുള്ള ഭീകരരാണ് അമ്മയെ കൊന്നതെന്ന് ബിലാവല്‍ മനസിലാക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.