ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചിയില്‍ ജോലി ചെയ്യുന്ന നാവികസേനാ ഉദ്യോഗസ്ഥനും. ഭാര്യയ്‌ക്കൊപ്പം മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനാണ് വെടിയേറ്റു മരിച്ചത്. ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥന്‍ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നര്‍വാളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ വിനയ്ക്കു നേരെയും ഭീകരര്‍ നിറയൊഴിക്കുക ആയിരുന്നു. ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാന്‍ഷിയ്ക്കൊപ്പം കശ്മീരിലെത്തിയത്. എന്നാല്‍ വിവാഹത്തിന്റെ ആറാം നാള്‍ ഹിമാന്‍ഷിയെ കാത്തിരുന്നത് തീരാവേദനയാണ്.

വിനയ്‌നെ കൂടാതെ വിവാഹിതനായി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, ഭാര്യാസഹോദരി എന്നിവര്‍ക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹല്‍ഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം.

ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭത്തിനെ വെടിവച്ചിട്ടതോടെ 'എന്നെയും കൊല്ലു'യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോള്‍ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.