പനാജി: ഗോവയിലെ ബാഗ ബീച്ചിൽ പാരാസെയിലിംഗിനിടെയുണ്ടായ അപകടത്തിൽ വിനോദസഞ്ചാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന പാരച്ചൂട്ടിന്റെ കയർ പൊട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഗോവൻ പോലീസ് അന്വേഷണം ആരംഭിച്ചു.

പാരച്ചൂട്ട് ഉയർന്നുപൊങ്ങിയതിന് തൊട്ടുപിന്നാലെയാണ് കയർ പൊട്ടുകയും പാരച്ചൂട്ട് നിയന്ത്രണം വിട്ട് കടലിലേക്ക് പതിക്കുകയും ചെയ്തത്. ഉടൻതന്നെ ലൈഫ് ഗാർഡുകളെത്തി സഞ്ചാരിയെ രക്ഷപ്പെടുത്തി. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു.

ഈ സംഭവം ഇന്ത്യയിലെ സാഹസിക വിനോദങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. ഗോവയിൽ സാഹസിക വിനോദങ്ങളിൽ പങ്കെടുക്കുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പല വിനോദങ്ങൾക്കും സർക്കാർ ഇതിനോടകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണ്.