- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയോടൊപ്പം ബൈക്കിൽ കറങ്ങി, ഭക്ഷണം കഴിച്ചു; 21കാരനെ നടുറോഡിൽ തടഞ്ഞ് നിർത്തി ചെരുപ്പൂരിയടിച്ച് മാതാപിതാക്കൾ; വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
കാൺപൂർ: കാമുകിയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് 21കാരനെ മാതാപിതാക്കൾ തടഞ്ഞ് നിർത്തി ചെരുപ്പൂരിയടിച്ചു. കാൺപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഇവരെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ മാതാപിതാക്കൾക്ക് താല്പര്യമില്ലായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ഗുജൈനി പ്രദേശത്തെ രാം ഗോപാൽ ജംഗ്ഷനിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കണ്ടുനിന്നവരാണ് സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 21 കാരനായ രോഹിത് എന്ന യുവാവിനും 19 കാരിയായ യുവതിക്കുമാണ് മർദ്ദനമേറ്റത്. രോഹിത്തിനെയും ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെയും മാതാപിതാക്കൾ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
രോഹിത്തിന്റെ മാതാപിതാക്കൾക്ക് ഇരുവരും തമ്മിലുള്ള അടുപ്പത്തിൽ എതിർപ്പുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു വഴിയോര ചായക്കടയിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നത് രോഹിത്തിന്റെ മാതാപിതാക്കൾ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മാതാപിതാക്കൾ രോഹിത്തിനെയും ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ ഇവർ വാഹനത്തിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരുടെ വാഹനം തടഞ്ഞുനിർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ മാതാപിതാക്കൾ രോഹിതിന്റെ മുഖത്ത് ചെരുപ്പുകൊണ്ട് അടിക്കുന്നതും ശകാരിക്കുന്നതും കാണാം. തടിച്ചുകൂടിയ നാട്ടുകാരിൽ ചിലർ രോഹിതിനെയും ഒപ്പമുള്ള യുവതിയെയും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ യുവതിയെ രോഹിത് ചേർത്ത് നിർത്തുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഗുജൈനി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഇൻ-ചാർജ് വിനയ് തിവാരി ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഇരുകക്ഷികളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തി തൽക്കാലത്തേക്ക് പ്രശ്നം പരിഹരിച്ചതായാണ് ഇദ്ദേഹം പറയുന്നത്. വിഷയം കൂടുതൽ വഷളാകാതിരിക്കാനുള്ള നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പോലീസ് വിശദമാക്കുന്നു.