ഡൽഹി: പാർലമെന്റ് ഗേറ്റുകൾ മുന്നിലായി പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. തീരുമാനവുമായി ലോക്സഭ സ്പീക്കർ. പക്ഷെ അതൊക്കെ മറികടന്ന് ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം ഉണ്ടായത്. പാർലമെന്റ് ഗേറ്റിന് മുന്നിൽ ഇനി പ്രതിഷേധമുണ്ടാകരുതെന്ന് സ്പീക്കർ ഓം ബിർള നിർദേശം നൽകി.

ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി അം​ബേ​ദ്ക​റെ​ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിൽ പാർല​മെന്റിനകത്തും പുറത്തും ഇൻഡ്യ സഖ്യം പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പ് അസാധാരണ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ ദിവസം ഇരുവിഭാഗവും നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ സംഘർഷ അന്തരീക്ഷം ഉടലെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയേയും പ്രിയങ്കാ ഗാന്ധിയെയും ബി.ജെ.പി എം.പിമാർ പിടിച്ചുതള്ളിയതായി കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി തള്ളിയതായി പ്രതാപ് സാരംഗി ആരോപിക്കുന്നു.

നീല വസ്ത്രങ്ങൾ ധരിച്ചാണ് ഇൻഡ്യസഖ്യം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധിച്ചത്. നടപടിയെ തുടർന്ന് രാജ്യസഭയിലും ബഹളമുണ്ടായി. പാർലമെന്റിന് സമീപം വിജയ് ചൗക്കിൽ വലിയ സുരക്ഷാ സന്നാഹമൊരുക്കി. കൂടുതൽ സേനാംഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.