- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയിൽ 2500 കോടി രൂപയുടെ ലഹരി പിടികൂടിയ കേസ്; മുഖ്യ പ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായ പവൻ താക്കൂർ പിടിയിൽ; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് അധികൃതർ
ന്യൂഡൽഹി: ഡല്‍ഹിയില്‍ 2500 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഖ്യ പ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കള്ളക്കടത്തുകാരനുമായ പവൻ താക്കൂർ ദുബായിൽ പിടിയിലായി. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയായ എൻ.സി.ബി (നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ) യുടെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ അന്താരാഷ്ട്ര ക്രിമിനലിനെ പിടികൂടിയത്.
2024 നവംബറിൽ ഡൽഹിയിൽ ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന 82 കിലോ കൊക്കെയ്ൻ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് പവൻ താക്കൂർ. മെക്സിക്കൻ തുറമുഖം വഴി കപ്പലിൽ രാജ്യത്ത് എത്തിച്ച ശേഷം ട്രക്കിൽ തലസ്ഥാനത്തേക്ക് കൊണ്ടുപോയ മയക്കുമരുന്ന് വിതരണത്തിനായി ഒരു ഗോഡൗണിൽ സൂക്ഷിക്കുന്നതിനിടെയാണ് കൊക്കെയ്ൻ പിടികൂടിയത്. ഈ കേസിലെ അന്വേഷണത്തിനിടെയാണ് താക്കൂർ മാസ്റ്റർ മൈൻഡാണെന്ന് തെളിഞ്ഞതും ഇയാൾ ദുബായിലേക്ക് കടന്നതും.
മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനായി ഡൽഹിയിലും ദുബായിലുമായി ഇയാൾ വിപുലമായ ഒരു ഹവാലാ ശൃംഖല പ്രവർത്തിപ്പിച്ചിരുന്നതായി എൻ.സി.ബി. അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനായി ക്രിപ്‌റ്റോകറൻസി ഇടപാടുകളും അതിർത്തി കടന്നുള്ള ഷെൽ കമ്പനികളും താക്കൂർ ഉപയോഗിച്ചു.
താക്കൂറിൻ്റെ സാമ്പത്തിക ഇടപാടുകളും ആസ്തികളും കണ്ടെത്താനായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നിർദ്ദേശപ്രകാരം ഇന്റർപോൾ അടുത്തിടെ ആദ്യമായി ‘സിൽവർ നോട്ടീസ്’ പുറപ്പെടുവിച്ചിരുന്നു. ആഗോളതലത്തിൽ നിയമപാലകരെയും സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റുകളെയും ഏകോപിപ്പിക്കാൻ ഈ നോട്ടീസ് സഹായിച്ചു. ഇയാളെ നാട്ടിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.




