മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ പുതിയ ഐഫോൺ മോഡൽ വാങ്ങാനെത്തിയവർ മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ തമ്മിലടിച്ചു. ഇന്നലെ ബാന്ദ്രയിലുള്ള സ്റ്റോറിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഉപഭോക്താക്കൾ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. രാജ്യത്തെ നാല് പ്രധാന ആപ്പിൾ സ്റ്റോറുകളായ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിൽ ഈ തിരക്ക് അനുഭവപ്പെട്ടു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിലും ഔദ്യോഗിക സ്റ്റോറുകളിൽ നേരിട്ടെത്തി വാങ്ങാനാണ് പലരും താല്പര്യപ്പെട്ടത്.

മുംബൈയിലെ ബി.കെ.സി ജിയോ സെന്ററിലുള്ള ആപ്പിൾ സ്റ്റോറിന് മുന്നിൽ വലിയ തോതിലുള്ള ജനക്കൂട്ടം നേർക്കുനേർ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതിയ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾക്കൊപ്പം പുതിയ ആപ്പിൾ വാച്ചുകൾ, എയർപോഡ്സ് പ്രോ 3 എന്നിവയും വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. പുലർച്ചെ മുതൽ തന്നെ പുതിയ ഐഫോൺ സ്വന്തമാക്കാൻ നിരവധി പേർ സ്റ്റോറിന് മുന്നിൽ വരി നിന്നിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ ഇവരിൽ ചിലർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു.

ക്യൂ പാലിക്കാതെ മുന്നോട്ട് കടക്കാൻ ശ്രമിച്ച ഉപഭോക്താക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവാണ് ഇതിന് കാരണമെന്ന് ചില ഉപഭോക്താക്കൾ ആരോപിച്ചു. സ്റ്റോറിലെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയും ചിലരെ സ്ഥലത്ത് നിന്ന് പുറത്താക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.