ലക്നൗ: പരീക്ഷാപ്പേടിയെ തുടർന്ന് പഠനത്തിൽ മികവ് പുലർത്തിയിരുന്ന പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ധൂമൻഗഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം. കണക്ക് പരീക്ഷയ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താൻ കഴിഞ്ഞില്ലെന്ന ആശങ്കയെത്തുടർന്ന് വിദ്യാർത്ഥി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ക്ലാസിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന വിദ്യാർത്ഥി പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ്, പുലർച്ചെ 5.30-ഓടെ വിദ്യാർത്ഥി തന്റെ അടുത്ത സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു. തനിക്ക് പരീക്ഷ എഴുതാൻ പേടിയാണെന്നും പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും സുഹൃത്തിനോട് പറഞ്ഞതായാണ് വിവരം.

രാവിലെ ഏഴുമണിയായിട്ടും കുട്ടി മുറി തുറക്കാത്തതിനെത്തുടർന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാരെത്തി വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ധൂമൻഗഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും പരീക്ഷാപ്പേടിയും മാർക്ക് കുറഞ്ഞാൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് കുട്ടിയെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.