ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗത്തില്‍ ശിക്ഷാവിധിയുണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയിലെ ആര്‍.ജികര്‍ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പി.ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനായി നിരവധി നിയമങ്ങള്‍ രാജ്യത്തുണ്ട്. 2019ല്‍ ഫാസ്റ്റ് ട്രാക്ക് കോടതി നിയമം ഇന്ത്യ പാസാക്കിയത് ഇതിന് വേണ്ടിയായിരുന്നുവെന്നും മോദി പറഞ്ഞു.

ഈ നിയമപ്രകാരമാണ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ജില്ലാതല മോണിറ്ററിങ് സമിതികളും ഇതിന്റെ ഭാഗമായി ഉണ്ടായത്. ഈ കമ്മിറികളെ ശക്തിപ്പെടുത്തണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അതിവേഗത്തില്‍ ശിക്ഷാവിധി ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബലാത്സംഗ സംഭവങ്ങളില്‍ കര്‍ശനമായ കേന്ദ്ര നിയമനിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ചും അത്തരം കുറ്ററകൃത്യങ്ങളില്‍ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും മമത ബാനര്‍ജി മോദിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാതായതോടെ അവര്‍ രണ്ടാമതൊരു കത്ത് കൂടി മമത അയച്ചിരുന്നു.