ഗുവാഹത്തി: അസമിലെ ടിൻസുകിയ ജില്ലയിൽ നിരോധിത സംഘടനയായ ഉൽഫ-ഇൻഡിപെൻഡന്റ് (ULFA-I) നടത്തിയെന്ന് സംശയിക്കുന്ന ആക്രമണത്തിൽ നാല് പോലീസ് കമാൻഡോകൾക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള ജാഗൂൺ മേഖലയിലെ പോലീസ് കമാൻഡോ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.

ഭീകരർ ക്യാമ്പിന് നേരെ നാലോ അഞ്ചോ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ (RPG) എറിയുകയും പിന്നാലെ തുരുതുരാ വെടിയുതിർക്കുകയുമായിരുന്നു. കമാൻഡോകൾ ശക്തമായി തിരിച്ചടിച്ചതോടെ ഏതാണ്ട് 30 മിനിറ്റോളം ഇരുവിഭാഗവും തമ്മിൽ വെടിവെപ്പ് തുടർന്നു. ആക്രമണത്തിൽ പരിക്കേറ്റ ചിരഞ്ജൻ മില്ലി, ദേവാശിഷ് ബോറ, റോബിൻ ഘോഷ്, ജിമ്പുസ് മാരക് എന്നീ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ദിബ്രുഗഢിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെത്തുടർന്ന് ടിൻസുകിയ ജില്ലയിലും അന്തർസംസ്ഥാന അതിർത്തികളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ അശാന്തി പടർത്താനുള്ള ശ്രമമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഒളിവിൽ പോയ ഭീകരർക്കായി സൈന്യവും പോലീസും സംയുക്തമായി വൻ തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, മ്യാൻമർ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരേഷ് ബറുവ വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.