ദോല: ഗുജറാത്തിലെ ദോലെ തുറമുഖത്ത്, കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പൊലീസ് ഇന്‍സ്പെക്ടറെ അഴിമതി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ദിനേഷ് കുബാവത് എന്ന ഉദ്യോഗസ്ഥനാണ് 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ 16 പ്രോ മാക്‌സ് കൈക്കൂലിയായി ആവശ്യപ്പെട്ടതിന് പിടിയിലായത്. ഇന്ധന വിതരണം നടത്തുന്ന ഒരു വ്യാപാരിയാണ് പരാതി നല്‍കിയത്. ലൈസന്‍സ് ഉള്ള വ്യവസായിയായ യുവാവിനെ കുബാവത് ഹാജരാക്കാന്‍ ആവശ്യപ്പെട്ട രേഖകളില്‍ കൃത്യമായ ചില പിഴവുകള്‍ കാട്ടി, കൈക്കൂലി നല്‍കാത്ത പക്ഷം കടയടപ്പിക്കുമെന്ന ഭീഷണി മുഴക്കുകയായിരുന്നു.

1.5 ലക്ഷത്തിന്റെ ഫോണ്‍ വേണമെന്നുള്ള ഭീഷണി പതിവായതോടെയാണ് വ്യാപാരി അഴിമതി വിരുദ്ധ സ്‌ക്വാഡിന്റെ സഹായം തേടിയത്. വ്യാപാരി ഫോണ്‍ കൈമാറുന്നതിനിടെ നവസാരായില്‍ നിന്നുള്ള അഴിമതി വിരുദ്ധ സ്‌ക്വാഡ് യുവ ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.

വലിയ സ്‌ക്രീനും ശക്തമായ ഹാര്‍ഡ് ഡ്രൈവും ഫാസ്റ്റര്‍ ചാര്‍ജ്ജിംഗും വലിയ ബാറ്ററിയുമായി എത്തിയ ഐഫോണ്‍ 16 പ്രോ മാക്‌സിന് വലിയ രീതിയിലുള്ള പ്രതികരണമാണ് വിപണിയില്‍ ഉണ്ടാക്കാന്‍ സാധിച്ചത്.

48എംപി പ്രൈമറി ക്യാമറയും 12 എംപി 5 എക്‌സ് ടെലിഫോട്ടോ ക്യാമറയും അടക്കമുള്ളതാണ് ഐഫോണ്‍ 16 പ്രോ മാക്‌സ്. സെക്കന്‍ഡ് ജനറേഷന്‍ മാഗ്‌സേഫ് ചാര്‍ജിംഗ് രീതിയാണ് ഐഫോണ്‍ 16 പ്രോ മാക്‌സിലുള്ളത്. ആപ്പിള്‍ എ 18 പ്രോ ഹെക്‌സാ കോര്‍ ചിപ്പാണ് ഫോണിലുള്ളത്.