- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾക്ക് അയാളെ അറസ്റ്റ് ചെയ്യാം, പക്ഷെ സത്യത്തെ നിശബ്ദമാക്കാൻ കഴിയില്ല'; വാങ്ചുക് എന്തിനാണ് പോരാടുന്നതെന്നറിയാം; ഐക്യദാർഢ്യവുമായി പ്രകാശ് രാജ്
ന്യൂഡൽഹി: ലഡാക്കിലെ പ്രമുഖ പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തകനും സമര നായകനുമായ സോനം വാങ്ചുക്കിന്റെ അറസ്റ്റിനെതിരെ നടൻ പ്രകാശ് രാജ്. വാങ്ചുക്കിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞേക്കും, എന്നാൽ അദ്ദേഹം ഉയർത്തുന്ന സത്യത്തെ നിശബ്ദമാക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് എക്‌സിൽ കുറിച്ചു. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് വാങ്ചുക് നിരാഹാര സമരം നടത്തിയത്.
'പക്ഷിയെ കൂട്ടിലടയ്ക്കാം, പക്ഷേ അതിന്റെ പാട്ടിനെ തടവിലാക്കാനാവില്ല. നിങ്ങൾക്ക് വാങ്ചുകിനെ അറസ്റ്റ് ചെയ്യാം. പക്ഷേ അദ്ദേഹം നിലകൊള്ളുന്ന സത്യത്തെ നിങ്ങൾക്ക് നിശബ്ദമാക്കാൻ കഴിയില്ല. ഈ മനുഷ്യനെ എനിക്കറിയാം. എന്തിനാണ് അദ്ദേഹം പോരാടുന്നത് എന്നും അറിയാം,' പ്രകാശ് രാജ് പ്രതികരിച്ചു. വാങ്ചുക്കിനെ സമരസ്ഥലത്ത് സന്ദർശിച്ച ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇന്നലെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ലേ അപ്പെക്സ് ബോഡി (LAB), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (KDA) എന്നിവ സംയുക്തമായി അഞ്ച് വർഷമായി സംസ്ഥാന പദവിക്കായി സമരത്തിലാണ്. സമീപ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് നാല് പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചിരുന്നു.
സംഘർഷങ്ങൾക്ക് പിന്നിൽ സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിലവിൽ ജോധ്പൂർ സെൻട്രൽ ജയിലിലാണ് വാങ്ചുക്. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.




