ന്യൂഡല്‍ഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. വ്യോമസേനയില്‍ രണ്ട് മലയാളികളും പുരസ്‌ക്കാരത്തിന് അര്‍ഹരായി. രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിനാണ് ഇവര്‍ അര്‍ഹരായത്. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.

കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍. കരസേനയില്‍ നിന്ന് ലഫ് ജനറല്‍ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി. മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയന്‍കുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും. മേജര്‍ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്‌കാരത്തിന് അര്‍ഹനായി. നായിക് ദില്‍ വാര്‍ ഖാന് മരണാന്തരമായി കീര്‍ത്തി ചക്ര സമ്മാനിക്കും.

കരസേനയിലെ ലഫ് ജനറല്‍ സാധനാ നായര്‍ക്കും മകന് വ്യോമസേന ഫ്‌ലൈറ്റ് ലഫ്റ്റനന്റുമായ തരുണ്‍ നായര്‍ക്കും രാഷ്ട്രപതിയുടെ സേന മെഡല്‍ സമ്മാനിക്കും.കരസേനയിലെ ലഫ് ജനറല്‍ സാധനാ നായര്‍ക്ക് അതിവിശിഷ്ട സേവ മെഡലും വ്യോമസേനയിലെ ഫ്‌ലൈറ്റ് ലഫ്റ്റനന്റ തരുണ്‍ നായര്‍ക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലും സമ്മാനിക്കും. റിട്ട.എയര്‍ മാര്‍ഷല്‍ കെ പി നായരുടെ മകനും ഭാര്യയുമാണ്.

സേന മെഡലുകള്‍ക്കൊപ്പം ജീവന്‍ രക്ഷാ പതക് പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.കേരളത്തില്‍ നിന്ന് കെ എം മനേഷിന് മരണാനന്തരമായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് സമ്മാനിക്കും.എറണാകുളം പാഴൂരില്‍ ബലി തര്‍പ്പണത്തിനിടെ ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ രക്ഷിച്ച മനേഷ് പിന്നാലെ മുങ്ങി മരിക്കുകയായിരുന്നു. ദിയ കുമാരി, മുഹമ്മദ് ഹാഷിര്‍ എന്‍കെ എന്നീ മലയാളികളും ജീവന്‍ രക്ഷാ പതക് പുരസ്‌കാരത്തിന് അര്‍ഹരായി.