പുണെ: 23-ാമത് പുണെ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 13 മുതല്‍ 20 വരെ നടക്കും. പുണെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പും സംയുക്തമായി ദാദാസാഹേബ് ഫാല്‍ക്കെ ചിത്രനഗരി മുംബൈയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈമേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 150-ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ജനുവരി 15-ന് ബുധനാഴ്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെ ഓണ്‍-ദി-സ്‌പോട്ട് രജിസ്ട്രേഷനും ആരംഭിക്കും. ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ഫീസ് 800 രൂപയാണ്

നടനും ചലച്ചിത്രനിര്‍മാതാവുമായ രാജ് കപൂറിന്റെ നൂറാം ജന്മദിനമാണ് ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ പ്രമേയം. പുണെ സേനാപതി ബാപ്പട്ട് റോഡിലെ പവലിയന്‍ മാളിലെ പി.വി.ആര്‍. ഐക്കണ്‍, ഔന്ദ് വെസ്റ്റെന്‍ഡ് മാളിലെ സിനിപോളിസ്, പുണെ ക്യാമ്പിലെ ഐനോക്‌സ് എന്നീ മൂന്ന് തിയേറ്ററുകളിലെ 11 സ്‌ക്രീനുകളിലായാണ് ചലച്ചിത്രമേള നടക്കുക.

പ്രമുഖരടങ്ങുന്ന ഒരു അന്താരാഷ്ട്ര ജൂറി തിരഞ്ഞെടുക്കുന്ന മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിന് മേളയുടെ സമാപനച്ചടങ്ങില്‍ 10 ലക്ഷംരൂപ സമ്മാനമായുള്ള 'മഹാരാഷ്ട്ര സര്‍ക്കാര്‍ സന്ത് തുക്കാറാം ബെസ്‌റ് ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്' നല്‍കും. 107 രാജ്യങ്ങളില്‍നിന്നുള്ള 1,059 സിനിമകളില്‍നിന്ന് തിരഞ്ഞെടുത്ത 150-ലധികം സിനിമകളാണ് ഇത്തവണ പുണെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. ജബ്ബാര്‍ പട്ടേല്‍ പറഞ്ഞു.

ഇത്തവണത്തെ ചലച്ചിത്രമേളയില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളിലാണ് കൂടുതല്‍ ഉണ്ടാവുകയെന്ന് ഫിലിം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സമര്‍ നഖാതെ പറഞ്ഞു. ഈ സിനിമകള്‍ പ്രധാനമായും സ്ത്രീകള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും അവരെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളെപറ്റിയും ചര്‍ച്ച ചെയ്യുന്നവയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.