മുംബൈ: എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കിടെ കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാകം ചെയ്ത സ്ത്രീയെ ആരും അത്ര പെട്ടെന്ന് മറക്കില്ല. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരാഴ്ചത്തെ തിരച്ചിലിന് ശേഷം ആളിനെ റെയില്‍വേ കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതിന് പിന്നാലെയാണ് റെയില്‍വേ യാത്രക്കാരിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയത്. പൂനെയിലെ ചിഞ്ച്വാഡില്‍ നിന്നുള്ള സരിതാ ലിംഗായത്ത് സ്ത്രീയാണ് ട്രെയിനില്‍ സുരക്ഷാ മാനദണ്ഡം ലംഘിച്ച് പെരുമാറിയത്. റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 154 പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

റെയില്‍വേ കണ്ടെത്തിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ ക്ഷമാപണ വീഡിയോ പങ്കുവെച്ചു . ഹരിദ്വാറില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. കമ്പാര്‍ട്ടുമെന്റിലെ കുട്ടികള്‍ കെറ്റിലില്‍ മാഗി പാകം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ പരീക്ഷിച്ചുനോക്കാന്‍ ശ്രമിച്ചതാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ തനിക്ക് മനസ്സിലായില്ല, അവര്‍ പറഞ്ഞു.

തന്റെ തെറ്റ് മറ്റുള്ളവര്‍ ആവര്‍ത്തിക്കരുതെന്ന് ക്ഷമാപണ വീഡിയോയിലൂടെ അവര്‍ അഭ്യര്‍ത്ഥിച്ചു. ട്രെയിനുകളില്‍ ഹെവി ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. ഇത് കുറ്റകൃത്യവും ട്രെയിനില്‍ ജീവന് അപകടകരവുമാണ്. എന്റെ തെറ്റ് എന്നെ ബോധ്യപ്പെടുത്തിയതിന് ആര്‍പിഎഫ് മുംബൈയ്ക്ക് നന്ദി, അത്തരമൊരു തെറ്റ് ചെയ്യരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് ഇന്ത്യന്‍ റെയില്‍വേയ്ക്ക് നന്ദി, എന്റെ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല- അവര്‍ പോസ്റ്റില്‍ പറഞ്ഞു.