ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനപദ്ധതിയാണ് വന്ദേ ഭാരത് ട്രെയിനുകള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗ യാത്ര ഉറപ്പാക്കി എത്തിയിട്ടുള്ള വന്ദേ ഭാരത് ട്രെയിനുള്‍ക്ക് കേരളത്തിലടക്കം വന്‍ സ്വീകാര്യതയാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്നത്.

രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ വലിയ വരുമാനമാണ് ഇന്ത്യന്‍ റെയില്‍വെയുടെ ഖജനാവിലെത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ റൂട്ടുകളിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടക്കം അവതരിപ്പിക്കാനും റെയില്‍വെയ്ക്ക് പദ്ധതിയുണ്ട്.

ഇപ്പോഴിതാ വന്ദേഭാരത് എക്‌സ്പ്രസിനെക്കൊണ്ട് വരുമാനം ഇരട്ടിപ്പിക്കാനുള്ള പുതിയ വഴി തുറന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരത് എക്‌സ്പ്രസില്‍ സിനിമ ചിത്രീകരിക്കാന്‍ റെയില്‍വെ അനുമതി നല്‍കി. മുംബൈ-അഹമ്മദാബാദ് റൂട്ടിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ പരസ്യചിത്രം ചിത്രീകരിക്കാനാണ് പശ്ചിമ റെയില്‍വെ അനുമതി നല്‍കി.

മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ബുധനാഴ്ച ഒരു ദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ ഇന്ത്യന്‍ റെയില്‍വെയ്ക്ക് ലഭിക്കുകയുണ്ടായി.വന്ദേഭാരതില്‍ ആദ്യമായാണ് ചിത്രീകരണം അനുവദിച്ചത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നാല് പരസ്യ ചിത്രങ്ങള്‍, മൂന്ന് ഫീച്ചര്‍ ഫിലിമുകള്‍, ഒരു വെബ്‌സീരീസ്, ഒരു ടിവി പ്രമോ ഷൂട്ട് എന്നിവയുള്‍പ്പടെ ഒന്‍പതോളം ഷൂട്ടിംഗുകളാണ് നടന്നത്.

ഇവയില്‍ നിന്ന് മാത്രം പശ്ചിമ റെയില്‍വെയ്ക്ക് ഒരു കോടിയോളം രൂപ വരുമാനമായി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏകജാലക ക്ലിയറന്‍സ് സംവിധാനം നിലവില്‍ വന്നതോടെ സിനിമ ചിത്രീകരണത്തിന് അനുമതി ലഭിക്കുന്നത് എളുപ്പമായതായി റെയില്‍വെ അറിയിച്ചു. പുതിയ സംരംഭം ഭാവിയില്‍ റെയില്‍വെയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ റെയില്‍വെ ലൊക്കേഷനുകളിലേക്ക് സിനിമാക്കാരെ ആകര്‍ഷിക്കാനും കാരണമാകുമെന്ന് പശ്ചിമറെയില്‍വെ അധികൃതര്‍ അറിയിച്ചു.