ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ അതിശക്തമായ മഴ. തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ വ്യാപകമായ നാശമാണുണ്ടായത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ട്രിച്ചിയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ട്. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

മഴ ശക്തമായതോടെ വിരുദനഗര്‍, ശിവഗംഗ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരുന്നു. ചെന്നൈയില്‍ ഇടവിട്ടു മഴ പെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

അതേസമയം, ന്യൂനമര്‍ദം നിലവില്‍ കന്യാകുമാരി തീരത്തേക്ക് നീങ്ങുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശനിയാഴ്ചയോടെ ന്യൂനമര്‍ദം ദുര്‍ബലമാകുമെന്നും വെള്ളിയാഴ്ച വൈകീട്ട് വരെ മഴ തുടരുമെന്നുമാണ് മുന്നറിയിപ്പ്.

അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍തന്നെ മറ്റൊരു ന്യൂനമര്‍ദംകൂടി രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കന്‍ ആന്തമാന്‍ കടലിലാണ് ശനിയാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടുക. തമിഴ്‌നാട് തീരത്തേക്കാണ് ഇതും നീങ്ങുക. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും.

കഴിഞ്ഞ മൂന്ന് ആഴ്ചയായി ചെന്നൈയിലും തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. തെക്കന്‍ തമിഴ്‌നാട്ടില്‍ ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ചയോടെ ശക്തിപ്രാപിച്ചിരുന്നു. പല ജില്ലകളിലും റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുകയും വിവിധയിടങ്ങള്‍ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തു. തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മൈലാടുതുറൈ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. റോഡുകള്‍ അടക്കം വെള്ളത്തിനടിയിലായി.