ചെന്നെെ: തെരുവ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കുന്നത് ഒരു പരിഹാരമല്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. നായ്ക്കളോട് സ്നേഹമുള്ളവർ അവയെ സംരക്ഷിക്കാൻ സ്വന്തം വീടുകളിൽ മുറികൾ തുറന്നുകൊടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ എക്സ് പേജിലൂടെയാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്.

"നായ്ക്കളെ മാറ്റിപ്പാർപ്പിക്കൂവെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ തെരുവ് നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റുന്നത് ഇവിടുത്തെ പ്രശ്നം അവിടേക്ക് വലിച്ചെറിയുന്നത് പോലെയാണ്. ഏഴ് കോടി നായ്ക്കളെ എവിടേക്കാണ് അയക്കാൻ പോകുന്നത്? സ്ഥലം മാറ്റുന്നത് ഒരു പരിഹാരമേയല്ല. നായ സ്നേഹികൾ അവരുടെ എസി മുറികളിലിരുന്ന് ഇതിനെക്കുറിച്ചെല്ലാം സംസാരിക്കുന്നു. അതേസമയം ദരിദ്രർ തെരുവിൽ യഥാർത്ഥ ഭീഷണി നേരിടുന്നു," രാം ഗോപാൽ വർമ്മ പറഞ്ഞു.

"നായ്ക്കളോട് അത്രയധികം താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ മുറികൾ അവയ്ക്കായി തുറന്നുകൊടുക്ക്. നിങ്ങളുടെ ആഡംബര ഇടങ്ങളിൽ തെരുവ് നായ്ക്കൾ നാശനഷ്ടങ്ങൾ ഉണ്ടാക്കുമ്പോൾ, നിങ്ങളുടെ കുട്ടികളെ നായ കടിക്കുമ്പോൾ അവയ്ക്കുവേണ്ടി പ്രസംഗിക്കുമോ?" അദ്ദേഹം ചോദ്യം ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം വർധിച്ചു വരികയാണ്. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്, ചില സംഭവങ്ങളിൽ മരണങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു. തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിരവധി പേർ രംഗത്തുവന്നതിന് പിന്നാലെയാണ് സംവിധായകന്റെ ഈ പ്രതികരണം.