ഹൈദരാബാദ്: സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചും പൊലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞും പണം തട്ടാന്‍ ശ്രമിച്ച റാപ്പിഡോ ഡ്രൈവര്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മണ്‍ ആണ് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. നിരവധി യുവാക്കളില്‍ നിന്ന് ഇയാള്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയതായാണ് വിവരം. സമൂഹമാധ്യമങ്ങളില്‍ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

ചാറ്റിംഗിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനായി വേഷം കെട്ടി ഇരകളെ ഫോണില്‍ വിളിക്കും. 'സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിളിക്കുന്നതെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം നല്‍കണമെന്നും' ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

പൊലീസിന്റെ പേരില്‍ വ്യാജ ഐഡി കാര്‍ഡുകളും മറ്റും നിര്‍മ്മിച്ചായിരുന്നു ലക്ഷ്മണിന്റെ ഇടപെടല്‍. ഭയന്നുപോയ പലരും മാനക്കേട് ഭയന്ന് ഇയാള്‍ക്ക് വന്‍ തുകകള്‍ കൈമാറി. എന്നാല്‍ തട്ടിപ്പിനിരയായ ഒരാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ സൈബര്‍ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

പ്രതിയുടെ പക്കല്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളും സിം കാര്‍ഡുകളും പൊലീസ് കണ്ടെടുത്തു. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.