ബംഗളൂരു: മൈസൂരു വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസില്‍ സിദ്ധരാമയ്യക്കെതിരെ വേഗത്തില്‍ നടപടി എടുക്കരുതെന്ന് വിചാരണ കോടതിക്ക് കര്‍ണാടക ഹൈകോടതി നിര്‍ദേശം നല്‍കി.

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് അനുമതി നല്‍കിയിരുന്നു. ഈമാസം 29 വരെ സിദ്ധരാമയ്യക്കെതിരെ കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹൈകോടതിയെ സമീപിച്ചത്.

തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഭരണം തടസ്സപ്പെടുത്തുമെന്നും രാഷ്ട്രീയ അസ്ഥിരതക്ക് കാരണമാകുമെന്നും സിദ്ധരാമയ്യ കോടതിയില്‍ വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വിയാണ് സിദ്ധരാമയ്യക്കുവേണ്ടി ഹാജരായത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിയെന്ന് അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നും ജൂഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നേരത്തെ സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കൈയടക്കി എന്നാണ് ആരോപണം. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്.