ബെംഗളൂരു: തുണിസഞ്ചി വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയുടെ പേരില്‍ കേസെടുക്കാന്‍ ഉത്തരവ്. കര്‍ണാടക ഹൈക്കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലോകായുക്ത പോലിസിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

തുണിസഞ്ചി വാങ്ങിയതിലൂടെ 5.88 കോടി രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നാണ് സാമൂഹികപ്രവര്‍ത്തകന്‍ രവിചന്ദ്രഗൗഡ നല്‍കിയ പരാതി. മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്നപ്പോള്‍ തുണിസഞ്ചി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. വിപണിയില്‍ 13 രൂപയ്ക്ക് സഞ്ചിയുള്ളപ്പോള്‍ 52 രൂപയ്ക്ക് സഞ്ചികള്‍ വാങ്ങിയെന്നാണ് ആരോപണം.

ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപയുമായുള്ള പോരിന്റെ പേരില്‍ വിവാദങ്ങളിലായ ഉദ്യോഗസ്ഥയാണ് രോഹിണി സിന്ദൂരി. രണ്ടുപേര്‍ക്കുമെതിരേ അപകീര്‍ത്തിക്കേസുകള്‍ നിലവിലുണ്ട്.