മുംബൈ: മുംബൈയിൽ ഒമ്പതാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥി സ്‌കൂളിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നവി മുംബൈയിലെ സീവുഡ്സ് ഏരിയയിലാണ് സംഭവം നടന്നത്. സ്ഥലത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ രാവിലെ 7 മണിക്ക് ക്ലാസുകൾ തുടങ്ങാനിരിക്കെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു.

സ്കൂൾ കെട്ടിടത്തിൽ നിന്ന് സ്കൂളിന് സമീപമുള്ള ഒരു തോട്ടിലേക്കാണ് വിദ്യാർത്ഥി ചാടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം, വിദ്യാർത്ഥിയുടെ ആത്മഹത്യ സംബന്ധിച്ചുള്ള പ്രേരണകളോ കാരണങ്ങളോ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കുട്ടിയുടെ മാതാപിതാക്കൾ ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലിലാണെന്നും ഇതുവരെ മൊഴിയൊന്നും നൽകിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.