ന്യൂഡൽഹി: ജാമ്യമില്ലാക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ ഡൽഹി പോലീസുകാർക്ക് നേരെ ക്രൂര മർദ്ദനം. പ്രതിയും ബന്ധുക്കളും ചേർന്നാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഡൽഹിയിലെ ഫത്തേപുർ ബേരിക്ക് സമീപമുള്ള ചന്ദൻ ഹോള ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. പരിക്കേറ്റ പോലീസുകാരെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയായ അസമിനെ പിടികൂടുന്നതിനാണ് ഒരു സംഘം പോലീസുകാർ ഗ്രാമത്തിലെത്തിയത്. എന്നാൽ, പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയും അയാളുടെ ബന്ധുക്കളും ചേർന്ന് പോലീസുകാരെ തടയുകയായിരുന്നു. ഇത് വാക്കേറ്റത്തിലേക്കും പിന്നീട് വലിയ സംഘർഷത്തിലേക്കും വഴി തെളിച്ചു.

റോഡിൽ അരങ്ങേറിയ സംഘർഷത്തിൽ പോലീസുകാർക്കും പ്രതിഭാഗത്തുള്ളവർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസമിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു.