ഷിംല: സഞ്ജൗലി മസ്ജിദിൻ്റെ അനധികൃത ഭാഗം മുദ്രവെക്കുകയോ പൊളിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ക്ഷേമ സമിതിയുടെ പ്രതിനിധികൾ ഷിംലയിലെ മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിനിധികൾ കമ്മീഷണർ ഭൂപേന്ദർ കുമാർ അട്രിക്ക് നിവേദനം നൽകി.

മസ്ജിദിലെ അനധികൃത നിർമാണത്തിനെതിരെ നാട്ടുകാരും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. ബുധനാഴ്ച, ചില ഹിന്ദു ഗ്രൂപ്പുകൾ ഷിംലയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചിരുന്നതിൽ വലിയ വിമർശനവും ഉണ്ടായി.

പ്രദേശത്ത് താമസിക്കുന്ന മുസ്ലീങ്ങൾ ഹിമാചൽ പ്രദേശിലെ സ്ഥിര താമസക്കാരാണെന്നും ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ഭൂപേന്ദ്ര അട്രിക്ക് നൽകിയ നിവേദനത്തിൽ സമിതി അഭ്യർത്ഥന നടത്തി.

സഞ്ജൗലിയിൽ സ്ഥിതി ചെയ്യുന്ന പള്ളിയുടെ അനധികൃത ഭാഗം പൊളിക്കാൻ തങ്ങൾ ഷിംല മുനിസിപ്പൽ കമ്മീഷണറോട് അനുമതി തേടിയിട്ടുണ്ടെന്ന് വെൽഫെയർ കമ്മിറ്റി അംഗം മുഫ്തി മുഹമ്മദ് ഷാഫി കാസ്മി പറഞ്ഞു.

"ഞങ്ങൾക്ക് മേൽ യാതൊരു സമ്മർദ്ദവുമില്ല, ഞങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നു, ഒരു ഹിമാചലി എന്ന നിലയിലാണ് ഈ തീരുമാനം എടുത്തത്, ഞങ്ങൾ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു, സാഹോദര്യം നിലനിൽക്കണം." സഞ്ജൗലി മസ്ജിദ് ഇമാം അവകാശപ്പെട്ടു.

പള്ളിയിലെ അനധികൃത നിർമാണത്തിനെതിരെ പ്രതിഷേധം നടത്തിയ ഹിമധു സംഘടനകളിൽ ഒന്നായ ദേവഭൂമി സംഘർഹ് കമ്മിറ്റി അംഗങ്ങൾ മുസ്ലിം ക്ഷേമ സമിതിയുടെ നടപടിയെ സ്വാഗതം ചെയ്തു.

“മുസ്‌ലിം സമുദായത്തിൻ്റെ നീക്കത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, വലിയ താൽപ്പര്യത്തിനായി ഈ മുൻകൈ എടുത്തതിന് അവരെ അഭിനന്ദിക്കുന്നു,” സമിതി അംഗം വിജയ് ശർമ്മ നടപടിയിൽ പ്രതികരിച്ച് പറഞ്ഞു.

നേരത്തെ ഷിംലയിലെ ധല്ലി പ്രദേശത്ത് അനധികൃതമായി മസ്ജിദ് നിർമ്മിച്ചുവെന്നാരോപിച്ചായിരുന്നു ഹിന്ദു സംഘടനകളുടെ പ്രതിഷേധം. നിരവധി സംഘടനകളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ സഞ്ജൗലി പ്രദേശത്ത് സംഘടിക്കുകയായിരുന്നു. ഇതോടെ സംഘർഷം രൂക്ഷമായി. ബുധനാഴ്ച രാവിലെയോടെ കൈകളിൽ ത്രിവർണ പതാകകളുമായി എത്തിയ പ്രതിഷേധക്കാർ "ഹിമാചൽ നേ താനാ ഹേ, ദേവഭൂമി കോ ബചനാ ഹേ", "ഭാരത് മാതാ കീ ജയ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.

മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചു. എന്നാൽ പിരിഞ്ഞു പോകാൻ തയ്യാറാവാതിരുന്ന പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശി. പ്രതിഷേധ മാർച്ചിന് മുമ്പ് ഷിംലയിലെ ധല്ലി തുരങ്കത്തിൽ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

2010-ൽ ഒരു വ്യാപാര സ്ഥാപനമുണ്ടായിരുന്നിടത്ത് മസ്ജിദ് നിർമാണം തുടങ്ങിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പലതവണ നോട്ടീസ് നൽകിയിട്ടും ഫലമുണ്ടായില്ല. മസ്ജിദ് 6750 ചതുരശ്ര അടിയായി വികസിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. പള്ളിയിരിക്കുന്ന ഭൂമി ഹിമാചൽ പ്രദേശ് സർക്കാരിന് അവകാശപ്പെട്ടതാണെന്നും പരാതിയിൽ പറയുന്നു.

അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് 2010 മുതൽ 45 ഹിയറിംഗുകൾ നടന്നു. സെപ്തംബർ ഏഴിന് ഇത്റഗുമായി സംബന്ധിച്ച് മുനിസിപ്പൽ കമ്മീഷണറുടെ ഓഫീസിൽ ഹിയറിങ് നടന്നിരുന്നു. പല തവണ വിഷയത്തെ പറ്റി ചർച്ച നടന്നെങ്കിലും അന്തിമമായ തീരുമാനം ഉണ്ടായിരുന്നില്ല. ഇക്കാലയളവിൽ ഇരുനില കെട്ടിടമായിരുന്ന മസ്ജിദ് അഞ്ച് നിലകളുള്ള കെട്ടിടമായി മാറിയിരുന്നു. എന്നിട്ടും നടപടികൾ ഉണ്ടാകാതിരുന്നതോടെയാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.