- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി; എന്യൂമറേഷന്‍ ഫോം ലഭിക്കാത്തത് ഉത്കണ്ഠയായെന്ന് നാട്ടുകാര്‍
എസ്ഐആറിനെച്ചൊല്ലി ഉത്കണ്ഠ: വയോധിക തീ കൊളുത്തി ജീവനൊടുക്കി
കൊല്‍ക്കത്ത: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെച്ചൊല്ലിയുള്ള ( എസ്ഐആര്‍ ) ഉത്കണ്ഠയെത്തുടര്‍ന്ന് വൃദ്ധ തീകൊളുത്തി മരിച്ചു. കൊല്‍ക്കത്തയിലെ കുഡ്ഘട്ട് നിവാസിയായ ജമുന മൊണ്ഡല്‍ എന്ന 67 കാരിയാണ് മരിച്ചത്. എസ്ഐആര്‍ പ്രക്രിയ ആരംഭിച്ചതോടെ, വയോധിക കടുത്ത ആശങ്കാകുലയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
മരിച്ച വൃദ്ധയ്ക്ക് എന്യൂമറേഷന്‍ ഫോം ലഭിച്ചിരുന്നില്ല. ഇതും ഉത്കണ്ഠയ്ക്ക് കാരണമായി. ദക്ഷിണ കൊല്‍ക്കത്തയിലെ 114-ാം വാര്‍ഡില്‍ ദീര്‍ഘകാലമായി താമസിച്ചു വന്നിരുന്ന ആളാണ് ജമുന മൊണ്ഡല്‍. ആശങ്കയ്ക്കൊടുവില്‍ സ്വന്തം വീട്ടില്‍ വെച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട ആശങ്കയെത്തുടര്‍ന്ന് ബംഗാളില്‍ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബംഗാളിലെ സൗത്ത് ഡംഡം മുനിസിപ്പാലിറ്റിയിലെ ആര്‍ എന്‍ ഗുഹ റോഡ് നിവാസിയായ ബൈദ്യനാഥ് ഹസ്ര എന്ന 47 കാരന്‍ എസ്ഐആറുമായി ബന്ധപ്പെട്ട ആശങ്ക മൂലം തൂങ്ങിമരിച്ചിരുന്നു. ഡ്രൈവറായിരുന്നു. 2002 ലെ വോട്ടര്‍ പട്ടികയില്‍ ഇയാളുടെ പേര് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇയാളുടെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കള്‍ മരിച്ചിരുന്നു. പഴയ രേഖകളും കൈവശമുണ്ടായിരുന്നില്ല. അതുമൂലം എസ്ഐആറില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു ബൈദ്യനാഥെന്ന് ബരാക്പൂര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.




