മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ വോട്ടെടുപ്പിനിടെ ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുന്ന സ്ത്രീയുമായി കുശലാന്വേഷണം നടത്തിയ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം. ഹിംഗോളി ജില്ലയിലെ കലംനൂരി ബസാര്‍ പ്രദേശത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നിതിനിടെ ശിവസേന എംഎല്‍എ സന്തോഷ് ബംഗാര്‍ ആണ് പോളിംഗ് ബൂത്തിനകത്ത് പ്രവേശിച്ചത്. വോട്ടര്‍മാരോട് സംസാരിക്കയും വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തെത്തി കുശലാന്വേഷണം നടത്തുകയും ചെയ്തു.

ബൂത്തിനകത്ത് എം എല്‍ എ സ്ത്രീയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിവാദമായി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 264 മുനിസിപ്പല്‍ കൗണ്‍സിലുകളിലും നഗര്‍ പഞ്ചായത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 6,042 തദ്ദേശ സീറ്റുകളിലേക്കും 264 കൗണ്‍സില്‍ പ്രസിഡന്റുമാരുടെ തസ്തികകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

പോളിംഗ് ബൂത്തില്‍ പ്രവേശിച്ച് ഒരു സ്ത്രീ വോട്ട് ചെയ്യുമ്പോള്‍ ബംഗാര്‍ ചുറ്റുമറയ്ക്ക് അകത്തേക്ക് എത്തിനോക്കുന്നതും അവരോട് സംസാരിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. 'ഞാന്‍ വീഡിയോ കണ്ടു. പക്ഷേ അത് അപൂര്‍ണ്ണമാണ്'' എന്ന് ബന്ധപ്പെട്ട ഉദ്യോസ്ഥന്‍ സംഭവത്തെ ന്യായീകരിച്ചതും പ്രതിഷേധത്തിന് തീ പകര്‍ന്നു.

ഹിംഗോളിയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബംഗാറിന്റെ കുടുംബത്തിലെ ഒരു അംഗം മത്സര രംഗത്തുണ്ട്.