ന്യൂഡല്‍ഹി: ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത രണ്ട് ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിട്ടുപോകാന്‍ നിര്‍ദേശം. രാജസ്ഥാനിലെ പുഷ്‌കറില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സി.ഐ.ഡി) നോട്ടീസ് നല്‍കിയത്.

ധാരാളം ഇസ്രായേല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലമാണ് പുഷ്‌കര്‍. ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്‌കരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പോസ്റ്ററുകളിലുണ്ടായിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിരോധിക്കുന്ന വിസ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് രാജസ്ഥാന്‍ പൊലീസ് പറയുന്നത്.

ഇന്ത്യയില്‍ താമസിക്കുമ്പോള്‍ മറ്റു രാജ്യങ്ങളോട് അനാദരവ് കാണിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വിസ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് മീണ പറഞ്ഞു. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് 2025 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇരുവരോടും രാജ്യം വിടാന്‍ നിര്‍ദേശിച്ചതെന്നും രാജേഷ് മീണ വ്യക്തമാക്കി.