ഡൽഹി: ഡൽഹി സര്‍വകലാശാലയിൽ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്ക് നേരെ ക്രൂരമായ വംശീയാക്രമണം നടന്നെന്ന് പരാതി. അരുണാചൽ പ്രദേശിൽ നിന്നുള്ള നബാം ബർകയും തദം ദേബോമും സുഹൃത്തുക്കളെ വിടാൻ പോകുമ്പോഴാണ് ആക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്.

അരുണാചൽ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പത്തോളം പേരടങ്ങുന്ന സംഘം വടിയും മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സിടി സ്കാന്‍ അടക്കമുള്ള വൈദ്യപരിശോധനകൾ നടത്തിയെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായ നബാം ബർക പകർത്തിയ വീഡിയോ ദി അരുണാചല്‍ ടൈംസ് എന്ന എക്സ് അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടു. വീഡിയോയില്‍ നബാമിന്‍റെ മുഖത്ത് ചോരപ്പാടുകൾ കാണാം.

വീഡിയോയില്‍ നബാം ഏറെ ക്ഷീണിതനാണ്. സംസാരിക്കുമ്പോൾ പലപ്പോഴും അയാൾക്ക് വാക്കുകൾ മുറിയുന്നു. നിലത്ത് ഇരുന്ന് വീഡീയോ ചിത്രീകരിക്കുന്നതിനിടെയില്‍ കൂടി നില്‍ക്കുന്ന അക്രമികളില്‍ ചിലരെ നബാം കാണിക്കുന്നു. അവരുടെ കൈയില്‍ വടി അടക്കമുള്ള മാരകായുധങ്ങൾ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.