- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും അറിയില്ല...പണം തന്നാൽ നിങ്ങളെ രക്ഷപ്പെടുത്താം..!!; കൂട്ടബലാത്സംഗക്കേസ് ഒതുക്കി തീർക്കാൻ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ കൈക്കൂലി; കേസിൽ ലഖ്നൗ എസ്ഐ അറസ്റ്റിൽ
ലഖ്നൗ: കൂട്ടബലാത്സംഗക്കേസിലെ പ്രതിയിൽനിന്ന് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് ഇൻസ്‌പെക്ടർ പിടിയിൽ. ലഖ്‌നൗ പേപ്പർ മിൽ കോളനി പോലീസ് ഔട്ട്‌പോസ്റ്റിലെ സബ് ഇൻസ്‌പെക്ടർ ധനഞ്ജയ് സിംഗാണ് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ പിടിയിലായത്. കേസിൽ പ്രതിയെ ഒഴിവാക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപണമുണ്ട്.
ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയായ പ്രതീക് ഗുപ്തയിൽ നിന്നാണ് ധനഞ്ജയ് സിംഗ് പണം കൈപ്പറ്റിയത്. 50 ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീട് 2 ലക്ഷം രൂപയായി ചുരുക്കുകയായിരുന്നു. പ്രതീക് ഗുപ്ത നൽകിയ പരാതിയെ തുടർന്നാണ് അഴിമതി വിരുദ്ധ സംഘം കെണിയൊരുക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ, പ്രതിയെ ഫയലിൽ പണം വെക്കാൻ എസ്.ഐ. നിർദ്ദേശിക്കുന്നത് കാണാം.
പ്രതീക് ഗുപ്തയ്‌ക്കെതിരെ 2025-ൽ അദ്ദേഹത്തിന്റെ മുൻ ജീവനക്കാരിയാണ് കൂട്ടബലാത്സംഗത്തിന് കേസുകൊടുത്തത്. എന്നാൽ, തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ഗുപ്ത അവകാശപ്പെട്ടിരുന്നു. അന്വേഷണത്തിൽ ബലാത്സംഗത്തിന് തെളിവുകളൊന്നും ലഭിച്ചില്ലെന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പ്രതിക്ക് ഈ മാസം ആദ്യം ജാമ്യം ലഭിച്ചിരുന്നു.
ഇത്തരം കൈക്കൂലി ഇടപാടുകളിൽ ഉദ്യോഗസ്ഥൻ ഒറ്റയ്ക്കാണോ അതോ വലിയ സംഘത്തിന്റെ ഭാഗമാണോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അലിഗഞ്ച് പോലീസ് സ്റ്റേഷനിൽ അഴിമതി നിരോധന നിയമപ്രകാരം ധനഞ്ജയ് സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്.




