ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയില്‍ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. 38 വയസ്സുകാരിയായ ശ്രുതിയാണ് 12 വയസ്സുള്ള മകള്‍ പൂര്‍വികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.

ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായ ശ്രുതിയുടെ ഭര്‍ത്താവ് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ പൂര്‍വികയെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മകളുടെ മൃതദേഹത്തിന് മുകളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രുതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പൊലീസ് കൊലപാതകത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണ്.