ന്യൂഡല്‍ഹി: അഭിഭാഷകനായോ ജുഡീഷ്യല്‍ ഉദ്യോഗസ്ഥനായോ ഏഴുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ബാര്‍ ക്വോട്ടയില്‍നിന്ന് നേരിട്ടുള്ള ജില്ലാ ജഡ്ജി നിയമനത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി ഭരണഘടനാബെഞ്ച്. കേരളത്തിലെ മുന്‍സിഫ് മജിസ്ട്രേറ്റ് കെ വി രജനീഷ് നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് അയോഗ്യത കല്‍പ്പിച്ച മുന്‍ വിധി റദ്ദാക്കി.

സര്‍വീസിലുള്ളവര്‍ക്ക് യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന ചട്ടം സംസ്ഥാനങ്ങളും ഹൈക്കോടതികളും മൂന്നുമാസത്തിനുള്ളില്‍ രൂപീകരിക്കണം. തുല്യതയുറപ്പാക്കാന്‍ സര്‍വീസിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കുറഞ്ഞ പ്രായപരിധി 35 വയസായി നിജപ്പെടുത്തി.

? തുടര്‍ച്ചയായി ഏഴുവര്‍ഷമാണ് അഭിഭാഷക പ്രാക്ടീസ് നടത്തേണ്ടത്. ഇടവേളയെടുത്താല്‍ അയോഗ്യരാകും. നിലവില്‍ തുടങ്ങിവച്ച നിയമനപ്രക്രിയകളെ വിധി ബാധിക്കില്ല. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് 25 ശതമാനം ക്വോട്ട മാറ്റിവയ്ക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ജില്ലാ ജുഡീഷ്യറിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പ്രതിഭാധനരായ യുവജനങ്ങള്‍ക്ക് അവസരം ലഭിക്കണം.

അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിനേക്കാള്‍ ജഡ്ജിയായി പ്രവര്‍ത്തിക്കുന്‌പോഴാണ് മികച്ച പ്രവൃത്തിപരിചയം ലഭിക്കുക. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍, എസ് സി ശര്‍മ, കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.