ന്യൂഡൽഹി: വിവാദ നോവലായ 'സാത്താനിക് വെഴ്സസ്' ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നോവലിലെ ചില ഭാഗങ്ങൾ മതനിന്ദക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. ചാന്ദ് ഖുറേഷി സുപ്രീംകോടതിയെ സമീപിച്ചത്.

ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരനായ സൽമാൻ റുഷ്ദിയാണ് നോവൽ രചിച്ചത്. കൃത്യമായ കാരണങ്ങൾ നിരത്താൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. 1988-ൽ രാജീവ് ഗാന്ധി സർക്കാർ 'സാത്താനിക് വെഴ്സസ്' ഇന്ത്യയിൽ വിതരണം ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ നിരോധനത്തിനെതിരെയുണ്ടായ വാദങ്ങൾ കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. ഈ വിധിയെ ഉദ്ധരിച്ചാണ് സുപ്രീംകോടതി നിലവിൽ പുസ്തകം വിതരണം ചെയ്യുന്നതിന് തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കിയത്.

1988-ൽ സൽമാൻ റുഷ്ദി പ്രസിദ്ധീകരിച്ച 'സാത്താനിക് വെഴ്സസ്' ലോകമെമ്പാടും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നോവലിലെ ചില ഭാഗങ്ങൾ മുസ്ലീം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് നിരവധി പ്രതിഷേധങ്ങളുണ്ടാവുകയും എഴുത്തുകാരന് നേരെ വധഭീഷണികളും ഉയർന്നു വരികയും ചെയ്തിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അന്നത്തെ കേന്ദ്ര സർക്കാർ രാജ്യത്തെ മതവികാരം കണക്കിലെടുത്ത് പുസ്തകത്തിന്റെ വിതരണം തടയുകയായിരുന്നു.