ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പുസ്തകത്തിൻ്റെ കവർ പേജിൽ എഴുത്തുകാരി പുകവലിക്കുന്ന ചിത്രം പുകയില ഉൽപ്പന്നങ്ങളുടെ പരസ്യ നിരോധന നിയമം ലംഘിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. എഴുത്തുകാരി അരുന്ധതി റോയിയും പ്രസാധകരായ പെൻഗ്വിൻ ഹാമിഷ് ഹാമിൽട്ടണും നിയമം ലംഘിച്ചിട്ടില്ലെന്ന് ബെഞ്ച് വിലയിരുത്തി.

ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുസ്തക കവറിലെ പുകവലിക്കുന്ന ചിത്രം യുവജനങ്ങളെ വഴിതെറ്റിക്കുന്നതും അനാരോഗ്യകരമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതും 2003ലെ സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം തുടങ്ങിയവയുടെ പരസ്യ നിരോധനവും നിയന്ത്രണവും) നിയമത്തിലെ അഞ്ചാം വകുപ്പിൻ്റെ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഹർജി.

എ. രാജസിംഹൻ എന്നയാളാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്. കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്ന് ഹരജിക്കാരൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 13-നാണ് ഹൈക്കോടതി ഈ വിഷയത്തിൽ എ. രാജസിംഹൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജി തള്ളിയത്.

"അവർ ഒരു പ്രശസ്ത എഴുത്തുകാരിയാണ്. അത്തരമൊരു കാര്യം അവർ പ്രോത്സാഹിപ്പിച്ചിട്ടില്ല. മാത്രമല്ല പുസ്തകത്തിൽ പുകവലി ചിത്രത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവർ ഒരു പ്രമുഖ വ്യക്തിയുമാണ്. പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്? പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണ്," എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നതിനെതിരെ കോടതി ഹർജിക്കാരന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.