ന്യൂഡല്‍ഹി: രാജ്യത്തെ മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ ഈടാക്കുന്ന അമിത നിരക്കില്‍ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതിയും. ടിക്കറ്റ് നിരക്ക് ന്യായമായി നിശ്ചയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഭക്ഷണപാനീയങ്ങളുടെ വിലയും ക്രമീകരിക്കണം. ഇല്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്നും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മെഹ്തയും അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു.

മള്‍ട്ടിപ്ലക്‌സ് ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യുന്നതിന് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും മറ്റുള്ളവരും സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ഒരു കാപ്പിക്ക് 700 രൂപയുമാണ് ഈടാക്കുന്നതെന്നും ഇത് ന്യായമാണോ എന്നും കോടതി തിയറ്റര്‍ ഉടമളോട് ചോദിച്ചു. എന്നാല്‍ താജ് ഹോട്ടലില്‍ ഒരു കാപ്പിക്ക് 1000 രൂപയാണ് ഈടാക്കുന്നതെന്നായിരുന്നു മള്‍ട്ടിപ്ലക്‌സ് അസോസിയേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്ഗി വാദിച്ചത്.

സിനിമാ വ്യവസായം താഴേക്ക് പോകുമ്പോള്‍, ആളുകള്‍ക്ക് വന്ന് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാക്കുക, അല്ലാത്തപക്ഷം സിനിമാ തിയേറ്ററുകള്‍ ശൂന്യമാകും എന്ന് ജസ്റ്റിസ് വിക്രം നാഥ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എന്ത് തിരഞ്ഞെടുക്കണം എന്നത് ഉപഭോക്താവിന്റെ തീരുമാനമാണെന്നും, മള്‍ട്ടിപ്ലക്‌സുകള്‍ വേണ്ടാത്തവര്‍ക്ക് മറ്റ് തിയറ്ററുകളില്‍ പോകാമല്ലോ എന്നും റോഹ്ത്ഗി വാദിച്ചു.

സാധാരണയായി ഒരു തിയറ്ററുകളും ഇപ്പോള്‍ അവശേഷിക്കുന്നില്ലെന്നും, പരമാവധി നിരക്ക് 200 രൂപയാക്കിയ ഡിവിഷന്‍ ബെഞ്ച് നടപടിക്കൊപ്പമാണ് തങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. മള്‍ട്ടിപ്ലക്‌സുകള്‍ വില്‍ക്കുന്ന ഓരോ ടിക്കറ്റിന്റെയും ഓഡിറ്റബിള്‍ രേഖകള്‍ സൂക്ഷിക്കണമെന്നും ഓണ്‍ലൈനായും നേരിട്ടും ടിക്കറ്റ് വാങ്ങിയ വ്യക്തികളെ ട്രാക്ക് ചെയ്യാന്‍ പ്രാപ്തമാക്കണമെന്നതും ഉള്‍പ്പെടെയുള്ള കര്‍ണാടക ഹൈക്കോടതിയുടെ നിബന്ധകള്‍ സ്റ്റേ ചെയ്തു.