ന്യൂഡൽഹി: ജനന തീയതി കണക്കാക്കാനുള്ള രേഖയായി ആധാർ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. റോഡപകടത്തിൽ മരിച്ചയാളുടെ നഷ്ടപരിഹാര തുക നൽകാൻ വയസ് കണക്കാക്കുന്നതിന് ആധാർ വിവരങ്ങൾ ആശ്രയിച്ച് കൊണ്ടുള്ള പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.

ഇതോടെ പ്രായം നിർണയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിനെ ആശ്രയിക്കാനുള്ള മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണലിൻ്റെ തീരുമാനത്തിന് ഇത് അംഗീകാരം നൽകുന്നു. 2018ലെ ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് കണക്കിലെടുത്ത് യു.ഐ.എ.ഡി ആധാർ കാർഡ് ഒരാളുടെ വയസ് നിർണ്ണയിക്കുന്നത്തിനായുള്ള ആധികാരിക രേഖയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്

വാഹനാപകടത്തിൽ മോട്ടോർ വാഹന ട്രിബ്യൂണൽ സ്കൂൾ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ 45 വയസായിരുന്നു ഇയാളുടെ പ്രായം. എന്നാൽ, ആധാർ കാർഡിൽ പ്രായം 47 ആണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം കുറച്ചത്. 19.22 ലക്ഷം രുപയിൽ നിന്നും നഷ്ടപരിഹാരം 9.22 ലക്ഷമാക്കി കുറച്ചിരുന്നു. ഈ ഹൈകോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജിയെത്തിയത്.