- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; ആ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ പിടിച്ചെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്
ഡൽഹി: ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ നിർണായക മുന്നേറ്റം. പ്രതിയുടെ ആഡംബര വാഹനം പോലീസ് പിടിച്ചെടുത്തു. ഈ കാറിലാണ് ലൈംഗികാതിക്രമ കേസിൽപ്പെട്ട പെൺകുട്ടികളെ ഇയാൾ ഋഷികേശിലേക്ക് കൊണ്ടുപോയതെന്ന സൂചനകളുണ്ട്. നേരത്തെ വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു വാഹനം പോലീസ് പിടികൂടിയിരുന്നു.
ലൈംഗികാതിക്രമ കേസിൽ 17 വിദ്യാർത്ഥിനികളാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകിയിരിക്കുന്നത്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥിനികളാണ് പരാതിക്കാർ. ഇവരുടെ മൊഴികൾ പ്രകാരം, പ്രതി പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ മുറികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നു എന്നും വിദ്യാർത്ഥിനികൾ വെളിപ്പെടുത്തി.
പോലീസ് 32 വിദ്യാർത്ഥിനികളിൽ നിന്ന് മൊഴിയെടുത്തു. ഇതിൽ 17 പേർ ഡയറക്ടർക്കെതിരെയാണ് മൊഴി നൽകിയത്. ശരീരത്തിൽ മോശമായി സ്പർശിക്കുകയും വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും ഡയറക്ടറുടെ ആവശ്യങ്ങൾ നിറവേറ്റാൻ വിദ്യാർത്ഥിനികൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായും പരാതിയുണ്ട്.
2009ലും 2016ലും സമാനമായ ലൈംഗികാതിക്രമ പരാതികൾ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഉയർന്നിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണം പോലീസ് തുടരുകയാണ്. ഓഗസ്റ്റ് 4നാണ് ആദ്യ പരാതി വസന്ത്കുഞ്ജ് പോലീസിൽ എത്തുന്നത്. സ്ഥാപനത്തിന്റെ ഭരണ സമിതിയിലുള്ള ഒരാൾ തന്നെയാണ് പിന്നീട് പോലീസിൽ പരാതി നൽകിയത്.