- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നായയെ പേടിച്ചോടി മൂന്നാംനിലയിൽ നിന്ന് താഴെ വീണ സ്വിഗി ഡെലിവറി ബോയ് മരിച്ചു; നായയുടെ ഉടമക്കെതിരെ കേസ്
ഹൈദരാബാദ്: നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പരിക്കേറ്റ ഡെലിവറി ബോയ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ എംഡി റിസ്വാൻ എന്നയാളാണ് മരിച്ചത്. മൂന്നാം നിലയിൽ നിന്നും താഴേക്കു വീണ റിസ്വാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് റിസ്വാൻ മരിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി സ്വിഗിയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു റിസ്വാൻ. കുടുംബത്തോടൊപ്പം യൂസഫ്ഗുഡയിലെ ശ്രീറാം നഗറിലാണ് ഇയാൾ താമസിച്ചിരുന്നത്. ജനുവരി 11-ന് വൈകുന്നേരമാണ് റിസ്വാൻ തെലങ്കാനയിലെ ബഞ്ചാര ഹിൽസിലുള്ള ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്മെന്റിലെത്തിയത്. കസ്റ്റമർ വാതിൽ തുറന്നതിനു പിന്നാലെ ഇയാളുടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായ റിസ്വാനു നേരെ പാഞ്ഞടുത്തു. നായയിൽ നിന്നും രക്ഷപ്പെടാനായി റിസ്വാൻ അടുത്ത നിലയിലേക്ക് ഓടിപ്പോയി.
പരിഭ്രാന്തിക്കിടെ, മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. കസ്റ്റമർ ഉടൻ തന്നെ റിസ്വാനെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) എത്തിച്ചു. റിസ്വാന്റെ തലക്കുള്ളിൽ രക്തസ്രാവവും വാരിയെല്ലുകൾക്ക് ഗുരുതരമായി പൊട്ടലും സംഭവിച്ചിരുന്നു.റിസ്വാന്റെ സഹോദരൻ ഖാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മറുനാടന് ഡെസ്ക്