ഡൽഹി: രോഹിണിയിൽ സഹപാഠിയുടെ സുഹൃത്തുക്കളായ കൗമാരക്കാർ ചേർന്ന് 15 കാരിയെ ക്രൂരമായി ആക്രമിച്ചു. മുഖത്തും പുറത്തും ബ്ലെയ്ഡ് കൊണ്ട് കുത്തിക്കീറിയ പെൺകുട്ടിക്ക് 20 ഓളം തുന്നിക്കെട്ടലുകൾ ആവശ്യമായി വന്നു. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി ചികിത്സയിലാണ്.

രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്കിടയിലുണ്ടായ വാക്കുതർക്കമാണ് അക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 14നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളാണ് ആക്രമണം നടത്തിയത്. ക്ലാസ് മുറിയിൽ വെച്ച് ആക്രമണകാരികളുടെ സുഹൃത്ത് തങ്ങളെ പരിഹസിച്ചതിനെ ചോദ്യം ചെയ്തതിലുള്ള പ്രതികാരമായാണ് കൂട്ടംചേർന്നുള്ള ആക്രമണം നടന്നതെന്ന് പരിക്കേറ്റ പെൺകുട്ടി വിശദീകരിച്ചു. പ്രതികളുമായി തനിക്ക് വ്യക്തിപരമായി യാതൊരു ശത്രുതയുമില്ലെന്നും അവൾ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 9-ന് സ്കൂളിന് പുറത്ത് വെച്ചാണ് സംഭവം നടന്നത്. പെൺകുട്ടി വീട്ടിലേക്ക് നടന്നുപോകുമ്പോൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ മുഖത്തടിച്ച ശേഷമാണ് മുഖത്തും ശരീരത്തും ബ്ലെയ്ഡ് കൊണ്ട് കുത്തുന്നത് വ്യക്തമാണ്. രോഹിണി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.