ഹൈദരാബാദ്: തെലങ്കാനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 46 ആയി. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ വ്യാഴാഴ്ച മരിച്ചു. അപകടത്തില്‍ പരിക്കേറ്റ എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇനി എട്ട് പേരെ കണ്ടെത്താന്‍ ഉണ്ടെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു. കാണാതായവരെക്കുറിച്ചുള്ള തുടര്‍ നടപടികള്‍ക്കായി ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയുടെ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്. രാസപ്രവര്‍ത്തനം മൂലമാണ് സ്‌ഫോടനമെന്നാണ് പ്രഥാമിക നിഗമനം. ആ സമയത്ത് 150 തോളം പേര്‍ ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചു. റിയാക്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് കെട്ടിടം മുഴുവന്‍ തീപിടിക്കുകയായിരുന്നു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാറും കമ്പനിയും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതര പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം രൂപയും നല്‍കും.