ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി. ദൗത്യസംഘം 50 മീറ്റര്‍ പരിധിയിലേക്ക് എത്തിയിട്ടുണ്ട്. തുരങ്ക നിര്‍മാണം അവസാനിച്ച ഭാഗത്താണ് ഇത്. എന്നാല്‍ തൊഴിലാളികള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. തൊഴിലാളികള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്നതില്‍ അവ്യക്തത തുടരുകയാണ്. ഇത് ദൗത്യത്തിന് മുന്നില്‍ വെല്ലുവിളിയാകുന്നു.

തുരങ്കം അവസാനിക്കുന്നതിന് 50 മീറ്റര്‍ മുമ്പ് വരെ ചെളിയും അവശിഷ്ടങ്ങളും മാത്രമാണ് ദൗത്യസംഘത്തിന് കാണാന്‍ സാധിച്ചത്.തുടര്‍ച്ചയായി ചെളിയും വെള്ളവും ഒഴുകുന്നത് രക്ഷാപ്രവര്‍ത്തകരുടെ ജീവനും ഭീഷണിയായേക്കും. അതിനാല്‍ ഇന്ത്യന്‍ കരസേന, നാവികസേന, എന്‍ഡിആര്‍എഫ്, ജിഎസ്ഐ തുടങ്ങിയ ഏജന്‍സികള്‍ രാവും പകലും പരിശ്രമം തുടരുകയാണ്.

എലിമാള ഖനന രീതി ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ക്ക് രക്ഷാപ്രവര്‍ത്തനം. ഇതിനായി ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും പന്ത്രണ്ടംഗ റാറ്റ് ഹോള്‍ മൈനര്‍മാരുടെ സംഘം ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കത്തില്‍ എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണവും ദുഷ്‌കരവുമായ തുരങ്ക രക്ഷാപ്രവര്‍ത്തനമാണിതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ജലസേചന മന്ത്രി ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു. എസ്എല്‍ബിസി തുരങ്കത്തിലേക്ക് ഒരു പ്രവേശനവും എക്‌സിറ്റും മാത്രമേ ഉള്ളൂ. ഇതാണ് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. തുരങ്കത്തിലേക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ പമ്പ് ചെയ്യുന്നുണ്ടെങ്കിലും, കുടുങ്ങിയ ആളുകളുമായി ഇതുവരെ യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

രണ്ട് എഞ്ചിനിയര്‍മാരും രണ്ട് മെഷീന്‍ ഓപ്പറേറ്റര്‍ മാരും നാല് തൊഴിലാളികളുമാണ് ഫെബ്രുവരി 22ന് അപകടത്തില്‍ പെട്ടത്. തെലങ്കാന നാഗര്‍കുര്‍നൂള്‍ ജില്ലയിലെ ടഘആഇ യുടെ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തില്‍ പെട്ടത്.