നീലഗിരി: തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ തണുപ്പ് കഠിനമാകുന്നു. ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തൽ, തലൈകുന്താ എന്നിവിടങ്ങളിൽ താപനില മൈനസ് 1 ഡിഗ്രി വരെ രേഖപ്പെടുത്തി. പുലർച്ചെ അഞ്ചു മണി മുതൽ തന്നെ മഞ്ഞുവീഴ്ച കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഊട്ടിയിലേക്ക് അനുഭവപ്പെടുന്നത്.

എന്നാൽ, കടുത്ത മഞ്ഞുവീഴ്ച മേഖലയിലെ കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഊട്ടിയിലെ പ്രധാന കൃഷിയായ തേയിലയെയും പച്ചക്കറികളെയും മഞ്ഞ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. തേയില ഇലകൾ കരിഞ്ഞുപോകുന്ന അവസ്ഥയാണ്. പച്ചക്കറി കൃഷികൾ നശിക്കാതിരിക്കാൻ സ്പ്രിംഗ്ലറുകൾ ഉപയോഗിച്ച് ചെടികൾ നനച്ച് മഞ്ഞ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് കർഷകർ. തണുപ്പ് അസഹ്യമായതോടെ ഗ്രാമപ്രദേശങ്ങളിലുള്ളവർ വൈകുന്നേരമാകുമ്പോഴേക്കും വീടുകളിലേക്ക് മടങ്ങുകയാണ്.