ജയ്പൂർ: റോഡിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് യുവാവിന്റെ ബൈക്ക് യുവതി അടിച്ചുതകർത്തു. രാജസ്ഥാനിലെ ജയ്പൂരിലെ തിരക്കേറിയ '22 ഗോഡാം പുലിയ' പ്രദേശത്താണ് സംഭവം. യുവതി സഞ്ചരിച്ച സ്കൂട്ടറും യുവാവിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റും തമ്മിൽ ഉരസിയിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യാത്രയ്ക്കിടെ ഇരുവാഹനങ്ങളും തമ്മിൽ നേരിയ രീതിയിൽ തട്ടിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

പ്രകോപിതയായ യുവതി റോഡരികിൽ നിന്ന് വലിയ കല്ലുകൾ പെറുക്കിയെടുത്ത് ബുള്ളറ്റിൽ ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബൈക്കിന്റെ ടാങ്കിലും ഹെഡ്‌ലൈറ്റിലും കല്ലുകൊണ്ട് ഇടിച്ചു തകർക്കുമ്പോൾ യുവാവ് നിസ്സഹായനായി നോക്കിനിൽക്കുകയായിരുന്നു. യൂണിഫോം ധരിച്ച പോലീസുകാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നെങ്കിലും യുവതിയെ തടയാൻ ആരും മുതിർന്നില്ലെന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം വിവാദമായതോടെ ഇരുവിഭാഗത്തെയും സോദല പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി.

പോലീസ് നടത്തിയ ചർച്ചകൾക്കൊടുവിൽ ഇരുകൂട്ടരും പരാതിയില്ലെന്ന് അറിയിച്ചതോടെ പ്രശ്നം രമ്യമായി പരിഹരിച്ചു. യുവതിക്കെതിരെ നിലവിൽ ഔദ്യോഗികമായി കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. വൈറലായ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രാജസ്ഥാൻ പോലീസ് ഹെൽപ്പ് ഡെസ്ക് സംഭവത്തിൽ ഇടപെട്ടു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജയ്പൂർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലത്തെ ഇത്തരം പെരുമാറ്റങ്ങൾക്കെതിരെയും പോലീസിന്റെ നിസ്സംഗതയ്ക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.