ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ഗ്രാമത്തിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയത് മദ്യലഹരിയിലായിരുന്ന ഒരു പ്രദേശവാസി. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് എന്നയാൾ പുലിക്കായി ഒരുക്കിയ കൂട്ടിൽ അകപ്പെട്ടത്. കതർനിയാഘട്ട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിൽ അടുത്തിടെ 55 വയസ്സുകാരിയായ ശാന്തീദേവി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ജനവാസമേഖലയിൽ ഭീതി പരത്തിയ പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ലോഹക്കൂട് സ്ഥാപിച്ചത്.

പുലിയെ ആകർഷിക്കുന്നതിനായി കൂടിനുള്ളിൽ ഒരു ആടിനെയും കെട്ടിയിട്ടിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പുലിക്ക് പകരം കെണിയിലെത്തിയത് പ്രദേശവാസിയായ പ്രദീപ് ആയിരുന്നു. മദ്യലഹരിയിലായിരുന്ന പ്രദീപ് എന്തിനാണ് കൂടിനുള്ളിൽ പ്രവേശിച്ചതെന്ന കാര്യത്തിൽ വ്യത്യസ്ത വാദങ്ങളാണ് നിലവിലുള്ളത്. പുലിയെ ആകർഷിക്കാൻ വെച്ച ആടിനെ മോഷ്ടിക്കാനായിരിക്കാം ഇയാൾ കെണിക്കുള്ളിൽ കയറിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എന്നാൽ, സാഹചര്യം പരിശോധിക്കാനെത്തിയ തനിക്ക് പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയും, തുടർന്ന് വാതിൽ അടഞ്ഞ് കൂടിനുള്ളിൽ കുടുങ്ങുകയുമായിരുന്നു എന്നാണ് പ്രദീപ് അധികൃതരോട് വിശദീകരിച്ചത്.

കൂടിനുള്ളിൽ കുടുങ്ങിയ നിലയിലുള്ള പ്രദീപിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂട്ടിൽ കുടുങ്ങിയതിന് പിന്നാലെ പ്രദീപ് സഹായത്തിനായി ബഹളം വെക്കുകയും, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘം ഏകദേശം രണ്ടുമണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ പ്രദീപിനെ ലോഹക്കൂടിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.