പുണെ: ബൈക്കിൽ തട്ടിയത് ചോദ്യം ചെയ്ത ടാക്സി ഡ്രൈവറെ കാറിന്റെ ബോണറ്റിലിട്ട് രണ്ട് കിലോമീറ്ററോളം ഓടിച്ച യുവതി പിടിയിൽ. മഹാരാഷ്ട്രയിലെ പുണെയിൽ ജനുവരി 17-ന് നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ ടാക്സി ഡ്രൈവർ റാം റാത്തോഡിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ റാത്തോഡ് പോലീസിൽ പരാതി നൽകുകയും വാഹനമോടിച്ച യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു.

യെർവാഡയിൽ നിന്ന് ശിവാജിനഗറിലേക്ക് പോവുകയായിരുന്ന യുവതിയുടെ കാർ ആദ്യം ഒരു ബൈക്കിലിടിക്കുകയായിരുന്നു. ഈ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളും ഒരു കുട്ടിയും റോഡിലേക്ക് തെറിച്ചുവീണു. തുടർന്ന് കാർ പിന്നോട്ടെടുക്കുന്നതിനിടെ റാം റാത്തോഡിന്റെ വാഹനത്തിലും തട്ടി. അപകടത്തിന് പിന്നാലെ യുവതിയെ പിന്തുടർന്ന റാത്തോഡ് കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെ യുവതി പ്രകോപിതയായി.

തുടർന്ന് കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ഇടിയിൽ നിന്ന് രക്ഷപ്പെടാൻ റാത്തോഡ് കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി. എന്നാൽ യുവതി വാഹനം നിർത്താതെ റാത്തോഡിനെയും കൊണ്ട് ഏകദേശം രണ്ട് കിലോമീറ്ററോളം അമിതവേഗതയിൽ ഓടിച്ചു. റാത്തോഡും മറ്റ് യാത്രക്കാരും വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി ശ്രദ്ധിച്ചില്ല. ഈ ദൃശ്യങ്ങൾ പിന്നാലെയെത്തിയ ബൈക്ക് യാത്രികർ പകർത്തിയിരുന്നു. രണ്ട് കിലോമീറ്ററോളം ഓടിച്ച ശേഷം റാത്തോഡിനെ റോഡിൽ ഉപേക്ഷിച്ച് യുവതി കടന്നുകളയുകയായിരുന്നു.

കൈക്ക് പരിക്കേറ്റ റാത്തോഡിനെ പിന്നീട് ശിവാജിനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാത്തോഡിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളതും അറസ്റ്റ് രേഖപ്പെടുത്തിയതും.