ഭുവനേശ്വർ: പരാതി നൽകാൻ എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതിയിൽ 5 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷന്. പോലീസുകാരെ ആക്രമിച്ചതിനും പോലീസിൻ്റെ സ്വത്ത് നശിപ്പിച്ചതിനും കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു യുവതി. എന്നാൽ പരാതി നൽകാൻ എത്തിയ തന്നെ സ്റ്റേഷനുള്ളിൽ വെച്ച് പീഡിപ്പിച്ചതായും സുഹൃത്തിനെ നിയവിരുദ്ധമായാണ് ജയിലിൽ അടച്ചതെന്നും അവർ ആരോപിച്ചു. സെപ്റ്റംബർ 15 ന് ഒഡീഷയിൽ ഭുവനേശ്വറിലെ ഭരത്പൂർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ഇരുവർക്കും ക്രൂരമായ അനുഭവം ഉണ്ടായത്.

വിവരം പുറത്തു വന്നതോടെ വലിയ വിമർശനങ്ങൾ ഉയർന്നു. പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥർ അടക്കം ആവശ്യമുന്നയിച്ചു രംഗത്തുവന്നിരുന്നു.

തുടർന്ന് ആരോപണവിധേയമായ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഒരു ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പോലീസുകാരെ അച്ചടക്ക ലംഘനം നടത്തിയതിനെതിരെ വരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും, ഇവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി മതിയായ ശിക്ഷ ഉറപ്പുവരുത്തുമെന്നും ഒഡീഷ പോലീസ് അധികൃതർ വ്യക്തമാക്കി.

ഐഐസി ദിനകൃഷ്ണ മിശ്ര, സബ് ഇൻസ്പെക്ടർ ബൈസാലിനി പാണ്ഡ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ സലിലമയി സാഹു, സാഗരിക രഥ്, കോൺസ്റ്റബിൾ ബലറാം ഹണ്ട എന്നിവരെ സസ്‌പെൻഡ് ചെയ്തതായി ഒഡീഷ പോലീസ് സ്ഥിരീകരിച്ചു.

നേരത്തെ, ഹോട്ടൽ പൂട്ടി മടങ്ങുമ്പോൾ റോഡിൽ വെച്ച് തങ്ങൾക്കെതിരെ ഒരു സംഘം നടത്തിയ അക്രമത്തിനെതിരെ പരാതി നൽകാൻ സൈനിക ഉദ്യോഗസ്ഥനും യുവതിയും ഭരത്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. അവരുടെ പരാതി സ്വീകരിക്കാൻ വിസ്സമ്മതിച്ച പോലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ പീഡിപ്പിക്കുകയും ഒരു ന്യായീകരണവുമില്ലാതെ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.

ഒടുവിൽ ഒഡീഷ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ശേഷം, പോലീസ് കസ്റ്റഡിയിൽ നടന്ന സംഭവങ്ങൾ അതേപടി വിവരിക്കുകയായിരുന്നു പരാതിക്കാരി. ഇൻസ്‌പെക്ടർ ഇൻ ചാർജ് (ഐഐസി)യും മറ്റൊരു ഓഫീസറുമായിരുന്നു തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന ഗുരുതരാമായ ആരോപണമായിരുന്നു യുവതി ഉന്നയിച്ചത്. കൂടെയുണ്ടായിരുന്ന ആർമി ഓഫീസറുടെ പ്രതിശ്രുത വധുവാണ് പരാതിക്കാരിയായ യുവതി.

അക്രമികളിൽ നിന്നും വീണ്ടും ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്ന് സംഭവസ്ഥലത്തേക്ക് പോലീസ് പട്രോളിംഗ് വാഹനം അയക്കണമെന്നും പരാതി രജിസ്റ്റർ ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു എന്നാൽ നടപടി സ്വീകരിക്കുന്നതിനു പകരം പോലീസ് ഉദ്യോഗസ്ഥർ ഇവർക്കെതിരെ അസഭ്യം പറയുകയായിരുന്നു.

തുടർന്ന് പട്രോളിംഗ് കഴിഞ്ഞ മടങ്ങിയെത്തിയ പോലീസ് ഉദ്യോഗസ്ഥർ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ബലമായി കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് വനിതാ ഓഫീസർമാർ തന്റെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു പിന്നെ ശാരീരികമായി ആക്രമിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു.

ആക്രമം കനത്തപ്പോൾ സ്വയരക്ഷക്കായി താൻ പ്രതിരോധിക്കാൻ ശ്രമിക്കവേ ഉദ്യോഗസ്ഥർ കൂട്ടംകൂടി തന്റെ ജാക്കറ്റ് ഉപയോഗിച്ച് എൻ്റെ കൈകൾ പിന്നിൽ നിന്ന് കെട്ടി. കൂടാതെ ഒരു വനിതാ കോൺസ്റ്റബിളിൻ്റെ സ്കാർഫ് കൊണ്ട് തന്റെ കാലുകൾ കെട്ടിയ ശേഷം മുറിയിലേക്കു കൊണ്ടുപോയതായും യുവതി പറഞ്ഞു.

ജാമ്യം ലഭിച്ച ശേഷം ഒഡീഷ പോലീസിൻ്റെ ക്രൈംബ്രാഞ്ചിന് സൈനിക ഉദ്യോഗസ്ഥൻ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഐഐസി തന്റെ പ്രതിശ്രുത വധുവിനെ ലൈംഗികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു, 30 മിനിറ്റോളം നിലവിളി തനിക്ക് കേൾക്കാമായിരുന്നു. അതിനുശേഷമാണ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു.

സെപ്തംബർ 18ന് ഒഡീഷാ ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തികളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.