മുംബൈ: ആക്രമിക്കാനെത്തിയ പുലിയോട് ധൈര്യപൂർവം നേരിട്ട് 5–ാം ക്ലാസ് വിദ്യാർഥികൾ. പാൽഘർ ജില്ലയിൽ കാടിനടുത്തുള്ള മാല പദ്‌വിപാഠയിൽ വെള്ളിയാഴ്ച വൈകിട്ട് കുട്ടികൾ സ്കൂളിൽനിന്നു മടങ്ങിവരേയാണ് സംഭവം. ആക്രമിക്കാനെത്തിയ പുലിയെ മായങ്ക് കുവാരയും (11) കൂട്ടുകാരനും ചേർന്ന് പ്രതിരോധിക്കുകയായിരുന്നു.

സ്കൂൾ ബാഗ് പരിചയാക്കിയും കല്ലെടുത്തെറിഞ്ഞു ശബ്ദമുണ്ടാക്കിയുമാണ് ഇരുവരും പുലിയെബ് നേരിട്ടത്. കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പുലിയെ കാട്ടിലേക്കു തുരത്തുകയായിരുന്നു. മായങ്ക് കുവാരയുടെ കൈക്കു ചെറിയ പരുക്കുണ്ട്.

വന്യജീവി ആക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ പ്രദേശത്ത് എഐ ക്യാമറ സ്ഥാപിക്കുന്നത് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നു വനം വകുപ്പ് ഉദ്യോഗസ്ഥൻ സ്വപ്നിൽ മോഹിതെ പറഞ്ഞു. വൈകിട്ട് 4നു മുൻപ് സ്കൂളുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനും നിർദേശമുണ്ട്.