ജയ്പുര്‍: രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴുവയസുകാരനെ കടുവ കടിച്ചുകൊന്നു. രാജസ്ഥാനിലെ രൺഥംബോർ നാഷണല്‍ പാര്‍ക്കിനടുത്താണ് സംഭവം നടന്നത്. കാര്‍ത്തിക് സുമന്‍ എന്ന ഏഴുവയസുകാരനാണ് ദാരുണമായി മരിച്ചത്.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാര്‍ത്തിക്കും കുടുംബവും മടങ്ങുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടാകുന്നത്. തന്റെ കൈപിടിച്ചാണ് കുട്ടി നടന്നതെന്നും പെട്ടെന്ന് കടുവ ചാടി വന്ന് കുട്ടിയുടെ കഴുത്തിന് കടിക്കുകയായിരുന്നുവെന്നും കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. പിന്നാലെ കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വനംവകുപ്പാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

അതിനിടെ, ക്ഷേത്രദര്‍ശനത്തിന് ശേഷമുള്ള കുട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡരികില്‍ നിന്ന് കുട്ടി ചിരിച്ചുകൊണ്ട് കുരങ്ങിനൊപ്പം നില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം. അപകടത്തിന് തൊട്ടുമുമ്പുള്ള ചിത്രങ്ങളാണിത്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കാർത്തിക് സുമൻ്റെ കുടുംബം താമസിക്കുന്നത്.